അവസാനം ബാംഗ്ലൂര്‍ സ്ഫോടനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനി അറസ്റ്റു ചെയ്യപ്പെട്ടിരിക്കുന്നു. ഒരാഴ്ച നീണ്ടു നിന്നു ഇതുമായി ബന്ധപ്പെട്ട് ഉദ്വഗപൂര്‍ണ്ണമായ പല രംഗങ്ങള്‍ക്കും
ഇതിനോടകം കേരളം സാക്ഷ്യം വഹിച്ചു. പുതുമ അവകാശപ്പെടുവാനൊന്നും ഇല്ലാത്ത വിധം വളരെ വികാരപരമായിതന്നെ ആയിരുന്നു കഴിഞ്ഞ കുറച്ച് ദിവസമായി അന്‍വാര്‍ശ്ശേരിയില്‍ നിന്നും ഉള്ള വാര്‍ത്തകളും ദൃശ്യങ്ങളും.
മതവിശ്വസം എന്നത് ഒരാളുടെ തികച്ചും സ്വകാര്യമായ സംഗതിയാണെങ്കിലും മദനി അത് എപ്രകാരം പ്രയോജനപ്പെടുത്തി എന്നത് പത്രസമ്മെളനത്തിന്റെ ദൃശ്യങ്ങള്‍ വ്യക്തമാക്കി.
ഒടുവില്‍ അറസ്റ്റു ചെയ്തു കൊണ്ടുപോകുമ്പോളും ഇത് ഒരു ഹിന്ദു മുസ്ലീം വര്‍ഗ്ഗീയ പ്രശ്നമായി മാറ്റരുതെന്ന് ആവേശത്തോടെ പറയുന്നത് കണ്ടു. ആരാണ് ഈ കേസില്‍ വര്‍ഗ്ഗീയത കളിക്കുന്നത്. കേരളത്തിലെ ബി.ജെ.പിക്കാര്‍ ഇക്കാര്യത്തില്‍ കോണ്‍ഗ്രസ്സും ലീഗും പ്രതികരിച്ചതിനേക്കാള്‍തണുപ്പന്‍ മട്ടില്‍ അല്ലേ പ്രതികരിച്ചത്. അവര്‍ ഇതിന്റെ പേരില്‍ ഹാലിളകിയോ ഇല്ല. മിണ്ടുന്നതും പറയുന്നതുമെല്ലാം മതവുമായി ബന്ധപ്പെടുത്തുന്നത് ആരാണെന്ന് വളരെ വ്യക്തം. മദനി ഒരു കേസില്‍ പെട്ടാല്‍ അതിനെ മതവുമായി അല്ലെങ്കില്‍ അതിന്റെ ചടങ്ങും വിശ്വാസവുമായി ബന്ധപ്പെടുത്തി വികാരഭരിതമാക്കുന്നതിന്റെ അര്‍ഥം എന്താണ്? കേസില്‍ പ്രതിയാകുന്നവര്‍ മുഴുവന്‍ ഇത്തരത്തില്‍ പ്രതികരിക്കുവാനും പ്രവര്‍ത്തിക്കുവാനും തുടങ്ങിയാല്‍ അത് എന്തൊക്കെ അപകടങ്ങളാണ് വരുത്തിവെക്കുക എന്ന് ദൈവത്തിനറിയാം.
മറ്റൊരു സംഗതി കര്‍ണ്ണാടകത്തിലെ ഭരണകൂടം തന്നെ അപായപ്പെടുത്തുമെന്ന രീതിയില്‍ ഉള്ള പ്രഖ്യാപനമാണ്. എന്താണതിന്റെ അര്‍ഥം? കോടതി ശിക്ഷിച്ചാല്‍ നാളെ കര്‍ണ്ണാടകത്തില്‍ ബി.ജെ.പി ഗവണ്മെന്റ് ശിക്ഷിച്ചു എന്ന് വിളിച്ചുപറഞ്ഞാല്‍ അതും വിഴുങ്ങുവാന്‍ ആളുണ്ടാകും.ഈ കേസ്ല്‍ പല കോടതികളില്‍ നിന്നും മദനിക്ക് ജാമ്യം നിഷേധിച്ചത് നാം കണ്ടതാണ്. അറസ്റ്റ് വാറണ്ടുമായി പോലീസ് വന്നിട്ട് ദിവസം കുറച്ചായെങ്കിലും അത് പല കാരണങ്ങളാല്‍ നീണ്ടു പോയി. ഇന്നിപ്പോള്‍ അറസ്റ്റ് ചെയ്തു അദ്ദേഹത്തെ കര്‍ണ്ണാടകയിലേക്ക് കൊണ്ടുപോയി. കേസ് കര്‍ണ്ണാടകയില്‍ ആയതിനാല്‍ അവിടേക്ക് കൊണ്ടു പോകുന്നു. കേരളത്തില്‍ ആയിരുന്നേല്‍ ഒരു പക്ഷെ ഇതിനോടകം ആശുപത്രിയില്‍ അഭയം തേടിയേനെ.
മദനിയെ അറസ്റ്റു ചെയ്യുക എന്നത് കേരളത്തില്‍ ഭരണത്തില്‍ ഇരിക്കുന്ന കക്ഷിയെ സംബന്ധിച്ചും കര്‍ണ്ണാടകയില്‍ ഭരണത്തില്‍ ഇരിക്കുന്ന കക്ഷിയും വളരെ സമ്മര്‍ദ്ദം ഉണ്ടാക്കിയെന്ന് കരുതുന്നു.കഴിഞ്ഞ പാര്‍ളിമെന്റ് തിരഞ്ഞെടുപ്പില്‍ മലപ്പുറത്ത് മദനിയുമൊത്ത് സി.പി.എം സംസ്ഥാന സെക്രട്ടറി വേദിപങ്കിട്ട, ജയില്‍ മോചിതനായി വന്നപ്പോള്‍ മദനിയ്ക്ക് നല്‍കിയ സ്വീകരണത്തില്‍ നിരവധി മന്ത്രിമാര്‍ പങ്കെടുത്തിരുന്നു. കര്‍ണ്ണാടകയെ സംബന്ധിച്ച് അവിടെ ബി.ജെ.പി സര്‍ക്കാര്‍ ആണ് ഭരണത്തില്‍ ഇരിക്കുന്നത്. കേസ് കോടതിയില്‍ ആണെങ്കിലും ബി.ജെ.പി സര്‍ക്കാര്‍ ആയതിനാല്‍ അവരെ സംബന്ധിച്ച് മദനിയുടെ അറസ്റ്റും തുടര്‍ നടപടികളും അത് പല വിധ ആരോപണങ്ങളും നേരിടേണ്ടി വരാന്‍ സാധ്യതയുണ്ട്.കോടതിയില്‍ ഇരിക്കുന്നത് ബി.ജെ.പി കാര്‍ അല്ലല്ലോ അത് ജഡ്ജിമാര്‍ അല്ലേ അപ്പോള്‍ കര്‍ണ്ണാടകയിലെ കോടതിയുത്തരവിനെ മതവുമായോ രാഷ്ടീയമായോ ബന്ധപ്പെടുത്തുന്നത് എന്തിനാണ്?
ഇക്കഴിഞ്ഞ ദിവസങ്ങളില്‍ മദനി നടത്തിയ പത്രസമ്മേളനത്തില്‍ താന്‍ കോടതിയില്‍ കീഴടങ്ങും എന്ന് ഇടയ്ക്കിടെ പറയുന്നു. അറസ്റ്റുവാറണ്ടുള്ള പ്രതിയാണോ എപ്പോള്‍ കോടതിയില്‍ ഹാജരാകണം എന്ന് നിശ്ചയിക്കേണ്ടത്? കൊള്ളാം.ഇന്ദിരാ ഗാന്ധിയെ അറസ്റ്റു ചെയ്ത രാജ്യത്ത് ഒരു മദനിയെ അറസ്റ്റു ചെയ്യുവാന്‍ ദിവസങ്ങളോളം സമയം നോക്കി നിന്നു. പുരിശങ്കരാചാര്യ കൊലക്കേസില്‍ പെട്ടപ്പോള്‍അറസ്റ്റുചെയ്യുവാന്‍ ഇത്രയും ദിവസം എടുത്തോ? മദനിയെ അറസ്റ്റുചെയ്യുവാന്‍ എന്തേ ഇത്രയും നീണ്ടത്?
സഖാക്കള്‍ നയിക്കുന്ന സര്‍ക്കാറിനു നന്ദി പറഞ്ഞാണ് മദനി അറസ്റ്റു വരിച്ചത്. കോടതി പിടിമുറുക്കിയതിനാല്‍ ആണ് അറസ്റ്റ് വരിക്കേണ്ടിവന്നതെന്ന് അദ്ദെഹത്തിനു മനസ്സിലായിക്കാണും.എന്തായാലും മദനി ഈ പ്രശ്നത്തെ വളരെ വികാരഭരിതമാക്കുവാന്‍ ശ്രമിച്ചു. അപ്പോള്‍ ഈ അറസ്റ്റും അനുബന്ധ കാര്യങ്ങളും അടിസ്ഥാനമാക്കി വര്‍ഗ്ഗീയത കളിക്കുന്നത് ഭൂരിപക്ഷ സവര്‍ണ്ണ വിഭാഗങ്ങള്‍ ആണോ എന്ന് ചിന്തിക്കേണ്ടത് കേരള സമൂഹമാണ്?
2010 ഓഗസ്റ്റ് 17, ചൊവ്വാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)